2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ. എസ്. മാധവന്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
ചെറുകഥാകൃത്തുംനോവലിസ്റ്റുമാണ്എൻ.എസ് മാധവൻ. ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. ഹിഗ്വിറ്റ , ചൂളൈ മേട്ടിലെ ശവങ്ങൾ, തിരുത്ത്, ഭീമച്ചൻ തുടങ്ങിയവ പ്രധാന കൃതികളാണ്.
1948 -ൽ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി[1]. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
