ബാലുശ്ശേരി: അയക്കുറ നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്തു. നന്മണ്ടയിലെ ഫോട്ടീസ് ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ നാലു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ നാലു പേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പിറന്നാൾ പാർട്ടിക്ക് ഭക്ഷണം ഓർഡർ ചെയ്തവരാണ് അക്രമം നടത്തിയത്. നാല്പത് പേർക്ക് ഭക്ഷണം ഓർഡർ ചെയ്തു. ചിക്കൻ, ബീഫ് ബിരിയാണിയും ഊണുമാണ് ഓർഡർ ചെയ്തിരുന്നത്. ആദ്യം 20 പേരടങ്ങിയ സംഘം ഭക്ഷണം കഴിച്ച് മടങ്ങി.

പിന്നീട് എത്തിയ സംഘത്തിൽ പെട്ട ചിലർ അയക്കൂറ ആവശ്യപ്പെട്ടത് നൽകാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. അയക്കൂറ നേരത്തെ ഓർഡർ ചെയ്ത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. അയല മതിയാകുമോ എന്ന് ചോദിച്ചതോടെ ഹോട്ടലിലെ കസേരയും മേശയും അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
