കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025- 26വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തിലെയും സ്കൂളുകളിൽ സ്റ്റുഡൻറ് ക്ലീൻ ആർമി .
വിദ്യാർത്ഥികളിൽ ചെറു പ്രായത്തിൽ തന്നെ ശുചിത്വബോധം വളർത്തുകയും സ്കൂൾ ശുചിത്വം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ബ്ലോക്ക് പരിധിയിലെ മുഴുവൻ യുപി സ്കൂൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്റ്റുഡൻറ് ക്ലീൻ ആർമി രൂപീകരിച്ചിട്ടുള്ളത്. ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 600 ഓളം വരുന്ന സ്റ്റുഡൻറ് ക്ലീൻ ആർമി അംഗങ്ങൾക്കും ചുമതലയുള്ള അധ്യാപകർക്കും ഒന്നാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ. ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ കെടിഎം കോയ, എംപി മൊയ്തീൻ കോയ, ടി എം രജില, ഷീബ ശ്രീധരൻ,സുഹറ ഖാദർ, ബ്ലോക്ക് സെക്രട്ടറി ടി സാബിത, ബി പി ഒ മധുസൂദനൻ,സ്കൂൾ എച്ച് എം ഫോറം കൺവീനർ പ്രതീഷ് മാസ്റ്റർ, എ ഇ ഒ പ്രതിനിധി നിഷ എന്നിവർ ആശംസ പ്രസംഗം നടത്തി. കോഴിക്കോട് ജില്ലാശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ഇ.ടി രാകേഷ് മാലിന്യ മുക്ത നവകേരളത്തിൽ വിദ്യാലയങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. കില ഫാക്കൽറ്റി കെ കെ രഘുനാഥ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. അഭിനീഷ് സ്വാഗതവും ജി ഇ ഒ ബിനോയ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
