അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാന ലംഘനത്തിനും, അഴിമതി, സ്വജനപക്ഷപാതത്തിനുമെതിരെ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
വികസനത്തിൽ പക്ഷപാതപരമായ നിലപാടാണ് യു. ഡി.എഫ് ഭരണ സമിതി തുടർന്നു പോരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാടിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ലക്ഷ്യം വെച്ചു കൊണ്ടാവണം തദ്ദേശ സ്ഥാപനങ്ങൾ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടത്.
എന്നാൽ അത്തോളി പഞ്ചായത്ത് ഭരണസമിതി വികസനത്തിൽ രാഷ്ട്രീയം കലർത്തുകയാണ്.
എല്ലാ കാര്യങ്ങളിലും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു. അത് വികസനത്തിന് വിഘാതമാവും. കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞ നാലര വർഷക്കാലത്തിനിടെ ഒരിക്കൽ പോലും ഭരണക്കാർ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു..

പദ്ധതികൾക്ക് അനുവദിച്ച ഫണ്ടുകൾ ചിലവഴിക്കാതെ ലാപ്സാക്കൽ, അതി ദരിദ്രർക്കായി നൽകേണ്ട ഭക്ഷ്യകിറ്റ് മുടക്കൽ, വിധവകൾക്കുള്ള പെൻഷൻ ഇല്ലാതാക്കൽ തുടങ്ങി ജനവിരുദ്ധമായ ദുർഭരണമാണ് അത്തോളി ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്ന് ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

29 ഇനങ്ങളടങ്ങിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല.
പൊട്ടിപ്പൊളിഞ്ഞ റോഡുകളും ശോച്യാവസ്ഥയിലായ അങ്കണവാടികളും അവഗണനയിലാണെന്നും അവർ കുറ്റപ്പെടുത്തി.

മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ കെ ശോഭ, ലോക്കൽ സെക്രട്ടറി വി.എം.ഷാജി, എൻ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ബാബു, എം. ജയകൃഷ്ണൻ , കെ.കെ. ചന്ദ്രൻ, ചിറ്റൂർ രവീന്ദ്രൻ, സഫ്ദർ ഹഷ്മി എന്നിവർ നേതൃത്വം നൽകി.
