അത്തോളി: അതി ദരിദ്രരെ പട്ടിണിക്കിടുന്ന അത്തോളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി പി.എം പ്രതിഷേധിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. ഷാജി, ശോഭ ടീച്ചർ, എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കേരളത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ എല്ലാ പഞ്ചായത്തിലും അതി ദരിദ്രരായ ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ പദ്ധതി തയ്യാറാക്കിയത്. അതി ദരിദ്രരായ ആളുകളെ പട്ടിണിയിൽ നിന്നും മുക്തരാക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത്തരം ഇരുപതിൽ താഴെ കുടുംബങ്ങളെയാണ് അത്തോളി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ആവശ്യക്കാർക്ക് മരുന്ന്, വീട്, കുടിവെള്ള തുടങ്ങിയവയാണ് അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.
2025 നവംബർ ഒന്നാം തീയതി കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. അത്തോളി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രരായിട്ടുള്ള ആളുകൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയിട്ട് അഞ്ച് മാസമായി.

അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരും അവശരായവരും രോഗികളും ആയിട്ടുള്ള 20 ൽ താഴെ അതിദരിദ്രരായവർ ഭക്ഷണം കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്. സർക്കാർ ഫണ്ട് നൽകിയിട്ടും പഞ്ചായത്ത് അർഹരായവർക്ക് നൽകുന്നില്ല.
ക്ഷയരോഗികൾ ആയിട്ടുള്ള ആളുകൾക്ക് ഭക്ഷ്യ കിറ്റ് നൽകുന്നതിന് 2025 – 26 വർഷത്തിൽ പഞ്ചായത്ത് 70,000 രൂപ വകയിരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതുവരെ ഒരു തുകയും ചെലവഴിച്ചിട്ടില്ല. അതി ദരിദ്രർക്ക് മരുന്ന് നൽകാനുള്ള ഒരു നടപടിയും ഗ്രാമപഞ്ചായത്ത് എടുത്തിട്ടില്ലെന്നും സി.പി. എം കുറ്റപ്പെടുത്തി.
