വാസുദേവൻ കുപ്പാട്ട്
വി.എസ് അച്യുതാനന്ദന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം കുറിയ്ക്കുകയാണ്. സമരതീഷ്ണതയുടെയും പോരാട്ടവീര്യത്തിന്റെയും അടങ്ങാത്ത ജ്വാലകളായിരുന്നു വി.എസിന്റെ ജീവിതം. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്ത 32 പേരില്‍ അവസാനത്തെ നേതാവാണ് വിട വാങ്ങിയിരിക്കുന്നത്.
പോരാട്ടം എന്ന പദം വി.എസിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം കേവല വിശേഷണം മാത്രമായിരുന്നില്ല. പട്ടിണിയോടായിരുന്നു ചെറുപ്പത്തില്‍ പോരാടേണ്ടിയിരുന്നത്. പിന്നീട് ജന്മിത്വത്തോടുള്ള സമരമായി അത് മാറി. പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വന്നപ്പോള്‍ നാട്ടിലെ നിരവധി പ്രശ്നങ്ങളോട് സമരം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളിലും മുല്ലപ്പെരിയാല്‍ പോലുള്ള നദീതീര വിഷയങ്ങളിലും വി.എസ് എടുത്ത നയങ്ങളും തീരുമാനങ്ങളും എന്നും ഓര്‍മിക്കപ്പെടും.

എട്ടുപതിറ്റാണ്ടിലേറെ സജീവമായ വി.എസിന്റെ പൊതുജീവിതം കേരളത്തിലെ പുതുതലമുറക്ക് ഏറ്റവും വലിയ പാഠപുസ്തകമാണ്.
അഞ്ചുവര്‍ഷമാണ് വി.എസ് മുഖ്യമന്ത്രിപദത്തില്‍ ഇരുന്നിട്ടുള്ളത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ഒരു പുലരിയെങ്കിലും പകര്‍ന്നുകൊടുക്കണം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അത് കഴിയുന്നവിധത്തില്‍ നടപ്പാക്കുകയും ചെയ്തു.

വ്യക്തിപരമായി ആളുകളെ അഭിമുഖീകരിക്കുന്നതിലുപരി വിഷയങ്ങള്‍ മുന്‍നിര്‍ത്തി സമീപിക്കാനും ആളുകളെ
കൂടെ നിര്‍ത്താനുമായിരുന്നു വി.എസിന് മിടുക്ക്. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിലും മതികെട്ടാന്‍മലയിലെ കയ്യേറ്റം തടയുന്നതിലും വി.എസ് മുന്നിട്ടിറങ്ങിയത് പ്രായം എണ്‍പത് പിന്നിട്ടിരുന്ന കാലത്തായിരുന്നു. കുട്ടനാട്ടിലെ വയല്‍ നികത്തലിനെതിരെ സമരം നടത്തിയാണ് വി.എസ് തന്റെ പരിസ്ഥിതിപരമായ സമരങ്ങള്‍ക്ക് തുടക്കമിടുന്നത്. അതാണ് പിന്നീട് ഭൂമാഫിയകള്‍ക്കും മറ്റുമെതിരെയുള്ള പോരാട്ടമായി മാറുന്നത്.

ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്റെയും മണ്ണഞ്ചേരി പടിഞ്ഞാറ് വാലൂര്‍ തോപ്പില്‍ അക്കാമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് അച്യുതാനന്ദന്റെ ജനനം. അച്യുതാനന്ദന് നാലുവയസ്സുള്ളപ്പോള്‍ അമ്മ വസൂരി ബാധിച്ച് മരിച്ചു. മരണാസന്നയായ അമ്മയെ അടുത്ത് കാണാന്‍പോലും അച്യുതാനന്ദന് സാധിച്ചിരുന്നില്ല. അന്ന് ആ രോഗം അത്ര മാരകമായിരുന്നുവല്ലോ. പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടമായി. ചെറുപ്പത്തില്‍ തന്നെ ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ഏഴാംക്ലാസില്‍ പഠനം നിര്‍ത്തി. പിന്നീട് ആലപ്പുഴയിലെ ആസ്പിന്‍വാള്‍ എന്ന കമ്പനിയില്‍ ജോലി്ക്കാരനായി. അന്നു മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. 1964ലെ പിളര്‍പ്പില്‍ 32 പോരോടൊപ്പം സി.പി.ഐയില്‍ നിന്ന് പുറത്തുവന്നു സി.പി.ഐ-എം രൂപീകരിക്കുന്നതില്‍ പങ്കാളിയായി. സുന്ദരയ്യ, എം. ബാസവപുന്നയ്യ, ഇ.എം.എസ്, മുസാഫിര്‍ അഹമ്മദ് എന്നിവരുടെ കൂടെ വി.എസും ഉണ്ടായിരുന്നു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലായിരുന്നു വി.എസിന്റെ പ്രഭാവം കാണപ്പെട്ടിരുന്നത്. പാര്‍ട്ടിയാണ് തന്റെ ശക്തിയെന്ന് അദ്ദേഹം കരുതി. പല സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ടുവരാന്‍ വി.എസ് ശ്രമിച്ചു.
പാര്‍ട്ടിക്ക് അതീതനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല.

1965ല്‍ അമ്പലപ്പുഴയില്‍ നിന്ന് ജനവിധി നേടിയ വി.എസിന് പരാജയം സമ്മതിക്കേണ്ടിവന്നു. എന്നാല്‍, 67ലും 70ലും ഇവിടെ വിജയം കണ്ടു. 77ല്‍ വീണ്ടും പരാജയം. 1991ല്‍ മാരാരിക്കുളത്ത് നിന്ന് നിയമസഭയില്‍ എത്തിയെങ്കിലും 96ല്‍ പരാജയപ്പെട്ടു. 2001 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മലമ്പുഴയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
2001ലും 2011ലും പ്രതിപക്ഷനേതാവായി വി.എസ് തിളങ്ങി. ജനകീയ പ്രശ്നങ്ങള്‍ ശക്തമായി ഏറ്റെടുക്കുന്നത് അക്കാലങ്ങളിലാണ്.
ക്രൗഡ് പുളളര്‍ എന്ന വിശേഷണം ഇണങ്ങുന്ന നേതാവായിരുന്നു വി.എസ്. നീട്ടിയും കുറിക്കിയുമുള്ള അദ്ദേഹത്തിന്റെ ശൈലി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ശരീരം ആകെ ഉലയ്ക്കുന്ന രീതി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിയന്ത്രിച്ചു. രാഷ്ട്രീയ പ്രതിയോഗികളോട് വി.എസിന് ഒരു ദാക്ഷീണ്യവും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ നൂതനരീതികളെപ്പറ്റി വി.എസ് പഠിക്കുന്നത് എണ്‍പത് വയസ്സ് പിന്നിട്ടിട്ടാണ് എന്നോര്‍ക്കണം. അത്രയും ആവേശമായിരുന്നു പുതിയ കാര്യങ്ങള്‍ അറിയുന്നതില്‍ പ്രകടിപ്പിച്ചിരുന്നത്. അഴിമതിയുടെ കറ പുരളാത്ത പൊതുജീവിതത്തിന്റെ ഉടമ എന്ന നിലയിലും അദ്ദേഹം പ്രകീര്‍ത്തിക്കപ്പെട്ടു.

മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് കണ്ണേ….കരളേ വി.എസ്സേ.. എന്ന മുദ്രാവാക്യം. നൂറ്റിരണ്ടാം വയസ്സില്‍ വി.എസ് കടന്നുപോകുമ്പോഴും ആ മുദ്രാവാക്യം വീണ്ടും ഉയരുകയാണ്. സഖാവ് എഴുന്നേറ്റു വരില്ലെന്ന് അറിയാമെങ്കിലും ആയിരങ്ങള്‍ മുദ്രവാക്യംവിളി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
കമ്യൂണിസത്തിന് അന്ത്യമായെന്ന് വ്യാമോഹം കൊള്ളുന്നവർക്കുന്നവർക്കുള്ള മറുപടിയാണ് ഇപ്പോൾ കേരളമാകെ അലയടിക്കുന്ന ആരവം.
സഖാവിന് ലാല്‍സലാം.
