അത്തോളി : ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകള്‍ക്ക് ആദരം നൽകി. വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ടോത്ത് കണ്ടി ശങ്കരന് മാസ്റ്റര്‍ മെമ്മോറിയല്‍ പുരസ്കാരം സമര്‍പ്പിച്ചു. ഗ്രന്ഥാലയം ഹാളില്‍ നടന്ന പരിപാടി അധ്യാപകനും എഴുത്തുകാരനുമായ എം. റംഷാദ് ഉദ്ഘാടനം ചെയ്തു.
മത്സരപരീക്ഷകളെ സൗഹൃദത്തോടെ സമീപിക്കാനുള്ള ആര്‍ജ്ജവം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകള്‍ക്കായി ആദരം ഏര്‍പ്പെടുത്തിയത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കായി കണ്ടോത്ത് കണ്ടി ശങ്കരന് മാസ്റ്റര്‍ മെമ്മോറിയല്‍ പുരസ്കാരം സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഫൗസിയ ഉസ്മാന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗൃഹനാഥക്കൊരു പുസ്തകം പദ്ധതിക്കും തുടക്കമായി. ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എം സരിത, രേഷ്മ മനോജിന് ആദ്യപുസ്തകം നല്കി തുടക്കം കുറിച്ചു. പ്രദേശത്തെ യുവ ചിത്രകാരന് വി.എസ് അമൃതേഷ് നാഥ് വരച്ച എം.ടിയുടെ ഛായാചിത്രം വായനശാലക്ക് ആയി ഗ്രന്ഥശാലാ സെക്രട്ടറി ഷിബി, രക്ഷാധികാരി സുന്ദരന്‍ കെ എന്നിവർ ഏറ്റുവാങ്ങി. ഗ്രന്ഥശാലയുടെ സ്നേഹോപഹാരം രക്ഷാധികാരി കെ. കെ. രവീന്ദ്രന് റംഷാദിന് നല്കി. ശങ്കരന് മാസ്റ്ററുടെ മകന് റിനില്‍ ശങ്കര്‍, വനിതാവേദി പ്രസിഡണ്ട് ബിന്‍സി ബിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ഷാജി സ്വാഗതവും, ജോയന്റ് സെക്രട്ടറി ഷിജീഷ് കോതങ്ങാട്ട് നന്ദിയും പറഞ്ഞു.
