നടൻ മോഹൻ ലാലിൻ്റെ മകൻ പ്രണവിന് പിന്നാലെ മകൾ വിസ്മയയും സിനിമയിലേക്ക്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ പുതുമുഖ നായികയായി എത്തുന്നത്. ജൂഡ് ആൻ്റണിയാണ് സംവിധായകൻ. ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വിസ്മയയെ സിനിമയിൽ അവതരിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറി ജുഡ് ആൻ്റണിയുടെ സോഷ്യൽ മീഡിയ കുറിപ്പിൽ നിന്ന്:
‘ഇതൊരു നിയോഗമായി കാണുന്നു.
എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.

നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.
ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “
”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു”
മകളുടെ സിനിമാ ജീവിതത്തിന് നല്ല തുടക്കമാവട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.
