അത്തോളി: നാലര വർഷത്തെ യു.ഡി.എഫ് ഭരണത്തിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പാക്കാൻ കഴിയാത്ത അത്തോളി പഞ്ചായത്ത് ഭരണ സമിതി ജാള്യത മറയ്ക്കാൻ സർക്കാർ പദ്ധതികൾ തങ്ങളുടെ മികവായി പ്രചരിപ്പിക്കുയാണെന്ന് സി.പിഐ എം അത്തോളി ലോക്കൽ സെക്രട്ടറി പി.എം ഷാജി പ്രസ്താവനയിൽ ആരോപിച്ചു.
ഭരണത്തിൽ നാലര വർഷം പിന്നിട്ട പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ ഭരണനേട്ടങ്ങൾ ഒരു പ്രമുഖ മാധ്യമത്തിലൂടെ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് സി.പി.എം രംഗത്തുവന്നിരിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ 2022 – 23 ലെ നഗരസഞ്ചയാ പദ്ധതി പ്രകാരം 30 ലക്ഷം രൂപ ചെലവഴിച്ച് പൂക്കോട് തോട് നിർമ്മിച്ച് 10 ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കിയത് പഞ്ചായത്തിൻ്റെ ഭരണമികവായി ഉയർത്തിക്കാട്ടുന്നതായി പ്രസ്താവനയിൽ ആരോപിച്ചു. സംസ്ഥാന സർക്കാർ ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീടുകളും പഞ്ചായത്തിൻ്റെ നേട്ടത്തിലാണ് ഉൾപ്പെടുത്തിയത്. പഞ്ചായത്ത് ഭരണസമിതി പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്ത സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം ഒരൊറ്റ വീടും നിർമ്മിച്ചു നൽകിയില്ലെന്നതാണ് വാസ്തുത. ആർദ്രം പദ്ധതി പ്രകാരവും – എം.എൽ.എ ഫണ്ട് , എൻ.ആർ. എച്ച്.എം ഫണ്ട് എന്നിവ ഉപയോഗിച്ചും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയതും പഞ്ചായത്തിൻ്റെ വികസന നേട്ടത്തിൻ്റെ പട്ടികയിലുൾപ്പെടുത്തിയിരിക്കുകയാണ്.
പ്രവൃത്തി പോലും തുടങ്ങാത്ത കളിക്കളവും നേട്ടത്തിൻ്റെ പട്ടികയിലുണ്ട്.
സ്വകാര്യ വ്യക്തി സൗജന്യമായി കൊടുത്ത ഭൂമിയിൽ നിന്ന് മണ്ണെടുത്ത് വിൽക്കുന്ന പ്രവർത്തനമല്ലാതെ കാലാവധി കഴിയാറായിട്ടും കളിക്കളത്തിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഭിന്നശേഷി വിഭാഗത്തിന് ബഡ്സ് സ്കുൾ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ 2022 ല് ധനകാര്യ കമ്മീഷൻ ഗ്രാൻറിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയെങ്കിലും ഭരണ സമിതിയുടെ കലാവധി കഴിയാറായിട്ടും ഇതുവരെയും കെട്ടിട നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതും പഞ്ചായത്തിൻ്റെ നേട്ടത്തിൻ്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ഭരണപരാജയം മറക്കാൻ സർക്കാർ പരിപാടികൾ പഞ്ചായത്തിൻ്റേതാക്കി മേനി നടിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്നും സർക്കാർ അനുവദിച്ച കോടി ക്കണക്കിന് രൂപയാണ് ഇക്കാലയളവിൽ പഞ്ചായത്ത് പാഴാക്കിയതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വാഗ്ദാന ലംഘനത്തിനെതിരെയും വികസന മുരടിപ്പിനെതിരേയും ശക്തമായ ബഹുജന പ്രക്ഷോഭം തുടങ്ങുമെന്നും സെക്രട്ടറി അറിയിച്ചു
