അടയാളമില്ലാത്ത ഹമ്പ് അപകടത്തിനിടയാക്കുന്നു
അത്തോളി: സ്കൂട്ടറിൽ കാറിടിച്ച് യുവാവിനു പരുക്ക്. സ്കൂട്ടറിൽ സഞ്ചരിച്ച അത്തോളി കണ്ണിപ്പൊയിൽ സുനീഷ് കുമാറിൻ്റെ മകനും അധ്യാപകനുമായ ‘വൈശാഖ’ ത്തിൽ അനലിനാണ് (24) പരുക്ക് പറ്റിയത്. തലയക്കും മുഖത്തും കാലിനും പരുക്കേറ്റ ഇദ്ദേഹം കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ പാവങ്ങാട് – ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി ജി.എം.യു.പിസ്കൂളിനും പൊലീസ് സ്റ്റേഷനുമിടയിലെ ഹമ്പിലാണ് അപകടം. മുന്നറിയിപ്പ് ബോർഡോ ലൈൻ മാർക്കോ ഇല്ലാത്ത ഈ ഹമ്പിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. ഈ ഹമ്പിൽ വാഹനങ്ങൾ അപടത്തിൽ പെടുന്നത് പതിവാണെന്ന് വാഹന യാത്രികർ ചൂണ്ടിക്കാട്ടുന്നു. അത്താണി ഭാഗത്തു നിന്നും വന്ന സ്കൂട്ടർ ഹമ്പിൽ കയറിയിറങ്ങവേ പിറകിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കോഴിക്കോട് ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൻ്റെ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യുവാവും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. കാറിന്റെ മുൻഭാഗവും സ്കൂട്ടറിന്റെ ഭാഗങ്ങളും തകർന്നു.
മുന്നറിയിപ്പ് അടയാളമോ വരകളോ ഇല്ലാത്ത ഹമ്പിന്റെ അപകട ഭീഷണി കഴിഞ്ഞ ദിവസം പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. സൈൻ ബോർഡ് വയ്ക്കാനോ ഹമ്പിന്മേൽ വരയിടാനോ ഇതുവരെ നടപടിയുണ്ടായിട്ടില്ല
