പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ പ്രതിഷേധം
അത്തോളി : കണ്ണിപ്പൊയിൽ
ചെറുകരതാഴെ-കുട്ടനാരിതാഴം റോഡ് നിർമ്മാണം പൂർത്തീകരിക്കാത്ത അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ ധർണ്ണ നടത്തി. അത്തോളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട റോഡാണിത്. റോഡ് നിർമ്മാണത്തിന് എം.എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച തുക
പൂർണ്ണമായും വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അനാസ്ഥ പുലർത്തുകയാണ്.
പത്ത് ലക്ഷം രൂപയാണ് കെ.എം. സച്ചിൻ ദേവ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് റോഡിന് വേണ്ടി അനുവദിച്ചത്. 8.5 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇതേവരെയായി പൂർത്തിയായത്. നിർമ്മാണ പ്രവൃത്തി ഭാഗികമായി കിടക്കുന്നതിനാൽ റോഡ് കൊണ്ട് നാട്ടുകാർക്ക് വേണ്ടത്ര പ്രയോജനമില്ലാത്ത അവസ്ഥയാണ്.
പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ താലൂക്ക് തല അദാലത്തിലും പരാതിയെത്തി. നിർമ്മാണം പൂർത്തീകരിക്കാൻ പല ഘട്ടങ്ങളിലായി നിർദ്ദേശമുണ്ടായെങ്കിലും പഞ്ചായത്ത് അതൊന്നും ഗൗരവത്തിലെടുക്കുകയുണ്ടായില്ല. ഈ ഫണ്ട് പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മറ്റ് ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തി റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനാവൂ എന്ന സാഹചര്യവും നിലവിലുണ്ട്.
പ്രവൃത്തി പൂർത്തീകരിക്കാൻ സഹകരിക്കാത്ത അത്തോളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിഷേധ ധർണ സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ കെ ശോഭ ഉദ്ഘാടനം ചെയ്തു. സി കെ ദിനേശ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം.ഷാജി, ഗ്രാമ പഞ്ചായത്ത് അംഗം എ.എം. വേലായുധൻ, അഡ്വ. സഫ്ദർ ഹാഷ്മി എന്നിവർ സംസാരിച്ചു. ശ്രീധരൻ പാലക്കൽ സ്വാഗതവും കെ.പി. അനിൽ കുമാർ നന്ദിയും പറഞ്ഞു
