അത്തോളി: വായന വാരാചരണത്തിന്റെ ഭാഗമായി ‘സ്പേസ്’അത്തോളി ജി.എം യു.പി സ്കൂളിന്റെ സഹകണത്തോടെ ‘വായനാവൈബ്’ സംഘടിപ്പിച്ചു.
എം.ടി കലയും കാലവും എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തകം വായിച്ചു കഴിഞ്ഞാൽ മനസിലെത്തുന്ന ആശയങ്ങൾ സ്വാംശീകരിച്ച് സമൂഹത്തിന് കൊള്ളാവുന്നവനായി മാറുമ്പോഴാണ്
മനുഷ്യനാവുകയെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർക്ക് പ്രയോജനമില്ലെങ്കിൽ മനുഷ്യനാണെന്നു പറയുന്നതിൽ അർത്ഥമില്ല. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകുന്ന ഉത്തമ പൗരൻമാരെ സൃഷ്ടിക്കുകയാണ് വായനയും വിദ്യാഭ്യാസവും കൊണ്ട് ലക്ഷ്യം വെക്കുന്നത്.

സർഗ വളർച്ചക്കും വ്യക്തിത്വത്തിനും വായന കാരണമാകും. അത്തരം കഴിവുകളുടെ പരിപോഷണത്തിന് സ്വജീവിതം കൊണ്ട് മാതൃക കാട്ടിയ വ്യക്തിത്വമായിരുന്നു പി.എൻ പണിക്കർ. നല്ല പുസ്തകങ്ങൾ വായിക്കുമ്പോൾ കഥാപാത്രങ്ങളിലൂടെയും പ്രമേയത്തിലൂടെയും കിട്ടുന്ന ആശയങ്ങൾ ഉപയോഗിച്ചാണ് വ്യക്തികൾ സമൂഹ നന്മക്ക് ഉതകുന്നവരായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എം.സി ചെയർമാൻ എം.കെ സാദിഖ് അധ്യക്ഷനായി.എം.പി.ടി.എ ചെയർ പേഴ്സൺ രാജി രശ്മി, സ്പേസ് പ്രസിഡന്റ് ബി.കെ ഗോകുൽദാസ്, സ്റ്റാഫ് സെക്രട്ടറി കെ. രാജു , എം.ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എം.ലീന സ്വാഗതവും മലയാളം ക്ലബ്ബ് കൺവീനർ ബബീഷ് കുമാർ നന്ദിയും പറഞ്ഞു. പത്ര ഫോട്ടോഗ്രാഫർ കെ.കെ സന്തോഷ് പകർത്തിയ എം.ടി യുടെ ഫോട്ടോ പ്രദർശനവും, എം.ടി യുടെ പുസ്തക പ്രദർശനവും,സ്പോട്ട് ക്വിസും സമ്മാന വിതരണവും നടന്നു
